Oct 9, 2007


ദര്‍ശനം
ഡി. പങ്കജാക്ഷന്‍
................................................................................................




ജനനം : 1923 ജനുവരി 14

സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു.

സ്‌കൂള്‍ മാഷായും ഒപ്പം കര്‍ഷകനായും പ്രവര്‍ത്തിച്ചു

1973ല്‍ അയല്‍കൂട്ടം എന്ന ആശയം മുന്നോട്ടു വെച്ചു.

തന്റെ പ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്‌ ഇതിന്റെ പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

"ദര്‍ശനം" എന്ന മാസിക തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. (ഇന്നും അത്‌ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ നടത്തികൊണ്ടുപോവുന്നു.)

'പുതിയ ലോകം, പുതിയ വഴി'', 'ഭാവിയിലേക്ക്‌' എന്നി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.

മരണം : 2004 സെപ്‌‌തംബര്‍ 16- തിയ്യതി

................................................................................................

.







തടിസ്ഥാനത്തില്‍ നിന്നാണ്‌ പുത്തന്‍ സമൂഹസൃഷ്ടി തുടങ്ങേണ്ടത്‌ ? എവിടെ തുടങ്ങിയാലാണ്‌ നീക്കം സത്യസന്ധമാകുന്നത്‌ ? കുരുക്കഴിയുന്നത്‌ ? മനുഷ്യന്‍ ഒരു വര്‍ഗ്ഗമാണ്‌ എന്ന സത്യം നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു വരണം. വിവിധ ജീവി വര്‍ഗ്ഗങ്ങളില്‍ ഒരു വര്‍ഗ്ഗമാണ്‌ മനുഷ്യവര്‍ഗ്ഗം. ഇതൊരു സത്യമാണ്‌.


ഈ ഭൂമി നമുക്കും മറ്റും ജീവിക്കാനുള്ളയിടമാണ്‌. വിശക്കുമ്പോള്‍ ഒന്ന്‌ ഒന്നിനെ പിടിച്ചു തിന്നും. ഒന്നിന്‌ മറ്റൊന്ന്‌ തടസ്സമായാല്‍ അതു നീക്കാന്‍ ശ്രമിക്കും. അപ്പോള്‍ കൊല നടന്നെന്നും വരും. അതവിടെ തീരും. മിക്കവാറും അത്‌ വ്യക്തിപരമായിരിക്കും. അപൂര്‍വ്വം സംഘപരമായും സംഭവിക്കാം. ഒന്നും തീര്‍ത്തു പറയാനാവാത്ത തരത്തിലാണ്‌ പ്രകൃതിയിലെ വ്യവസ്ഥ. സംഘട്ടനങ്ങള്‍ ജീവിത സത്യമാണ്‌. കൃത്രിമമല്ല എന്ന്‌ നമുക്ക്‌ പറയാം. മനുഷ്യരുടെ ഇടയിലും പിണക്കങ്ങളും കലഹങ്ങളും സ്വാഭാവികം തന്നെ. എന്നാല്‍ പക തലമുറയായി കൈമാറി ചരിത്രമാക്കുന്നത്‌ നമ്മുടെ വര്‍ഗ്ഗം മാത്രമാണ്‌. ഓരോന്നും അതതിനുവേണ്ടി ജീവിക്കുന്നു എന്നതാണ്‌ മറ്റൊരു സത്യം. സ്വകാര്യപരത സമസ്‌ത ജീവരാശികളിലും ഉണ്ട്‌. മനുഷ്യരിലുമുണ്ട്‌. അവനവന്റെ കാര്യ നോക്കി ജീവിക്കുക എന്നത്‌ ഒരു കൃത്രിമ കാര്യമല്ല. എന്നാല്‍ മനുഷ്യന്‌ അതു പോര.മറ്റൊരു സത്യം എല്ലാവര്‍ക്കും ജീവിക്കാന്‍ വേണ്ടത്‌ ഇവിടെ ഉണ്ട്‌ എന്നതാണ്‌. ഓരോരോ വര്‍ഗ്ഗത്തിനും അതതിനുള്ള ഭക്ഷണം ഇവിടെ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ആവശ്യത്തില്‍ കവിഞ്ഞ്‌ ഉണ്ട്‌. ചില പ്രത്യേക സാഹചര്യത്തില്‍ ചില ഇടങ്ങളില്‍ കുറവു വന്നെന്നും വരാം. അപ്പോള്‍ മറ്റൊരു ഇടത്തായിരിക്കും. എന്നാല്‍ എനിക്ക്‌ വേണ്ടതിലധികം എടുത്ത്‌ മറ്റുള്ളവര്‍ക്ക്‌ നല്‍കാതെ സൂക്ഷിക്കുന്നതും ശേഖരിക്കുന്നതും സത്യസന്ധമല്ല. കൃത്രിമ പ്രവണതയാണ്‌. എന്റെ ആവശ്യത്തിന്‌ സൂക്ഷിക്കുന്നതല്ല കൃത്രിമം; മറ്റൊരാള്‍ക്ക്‌ കിട്ടാനാടിവരാതെ 'എല്ലാം എന്റെ കസ്റ്റഡിയില്‍ വരണം' എന്ന ചിന്ത നമ്മുടെ വര്‍ഗ്ഗത്തിനല്ലാതെ മറ്റൊരു വര്‍ഗ്ഗത്തിനും ഉണ്ടെന്നു തോന്നുന്നില്ല. അതുപോലെ തന്നെ 'എന്റെ കയ്യിലുള്ളത്‌ ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ കൂടി കൊടുക്കണം എന്ന' എന്ന ചിന്തയും മനുഷ്യവര്‍ഗ്ഗത്തിനു മാത്രമാണുള്ളത്‌ എന്നു തോന്നുന്നു. മനുഷ്യന്‌ മറ്റേതു വര്‍ഗ്ഗത്തിനുവേണ്ടിയും ത്യജിക്കാന്‍ കഴിയും. മറ്റൊന്ന്‌ മനുഷ്യന്‍ മറ്റെല്ലാ ജീവി വര്‍ഗ്ഗങ്ങളേക്കാളും കൂടുതലായി പരസ്‌പരാവലംബം വേണ്ട വര്‍ഗ്ഗമാണെന്നതാണ്‌. വീട്‌, വസ്‌ത്രം, ആരോഗ്യം, ഭക്ഷണം, സഞ്ചാരം, വിനോദം തുടങ്ങി എല്ലാ കാര്യങ്ങളിലും നമുക്ക്‌ അന്യോന്യത കൂടിയേ തീരു. നമ്മുടെ ഭാഷയുടെ വികാസം പോലും പാരമ്പര്യത്തിലൂന്നി ഉള്ളതാണ്‌. മറ്റുള്ളവര്‍ക്ക്‌ വേണ്ടി ശബ്ദിക്കുമ്പോഴാണ്‌ ഭാഷ സംഗീതമായും സാഹിത്യമായും തീരുന്നത്‌. മറ്റൊരു കാര്യം ജന്മസിദ്ധമായ, പ്രകൃത്യാനുസരണമായ അടിസ്ഥാനങ്ങളില്‍നിന്ന്‌ എത്ര ദൂരം വേണമെങ്കിലും വ്യതിചലിച്ച്‌, കൃത്രിമ ജീവിതം നയിക്കാന്‍ നമുക്ക്‌ കഴിയും എന്നതാണ്‌. മറ്റൊരു ജീവിക്കും ഇത്‌ സാദ്ധ്യമല്ല. ഇവ മുന്നില്‍ കണ്ട്‌, അതില്‍ വീണ്‌ ഗതി മാറിപ്പോവാതിരിക്കാന്‍ ശ്രദ്ധേിക്കേണ്ട ഒരു മഹാബാദ്ധ്യത, നമ്മുടെ വര്‍ഗ്ഗത്തിനു മാത്രമാണുള്ളത്‌. ഇവിടെ ശ്രദ്ധിക്കാതെ വന്നതാണ്‌ നമ്മുടെ വര്‍ഗ്ഗം ഇത്ര ദയനീയാവസ്ഥയിലാവാന്‍ കാരണം എന്നു തോന്നുന്നു. നാം വീണു പോയി എന്ന അറിവ്‌ നമുക്കുണ്ടാവുകയാണ്‌ രക്ഷപ്പെടാനുള്ള ആദ്യ ചുവട്‌. എന്നാല്‍ രക്ഷപ്പെടാന്‍ നാം ഇന്നു ചെയ്‌തുകൊണ്ടിരിക്കുന്ന പല ശ്രമങ്ങളും കൂടുതല്‍ കുഴിയിലേക്ക്‌ നമ്മെ വീഴ്‌ത്തുകയാണ്‌. എത്ര ഗ്രന്ഥങ്ങളുണ്ടായാലും അവതാരങ്ങള്‍ സംഭവിച്ചാലും സമൂഹം പുലര്‍ത്തി പോരുന്ന തെറ്റായ ജീവിത ശൈലികള്‍ മാറ്റുന്നില്ലെങ്കില്‍ ഒക്കെ വ്യര്‍ത്ഥമാവുകയേ ഉള്ളൂ.എത്രയോ ദൂരം വഴി തെറ്റി സഞ്ചരിച്ചുപോയി. മനുഷ്യരാണെന്ന സത്യം വിസ്‌മരിച്ച്‌ നാം ജാതിക്കാരും മതക്കാരും ദേശക്കാരും ഒക്കെ ആയിപ്പോയി. പരസ്‌പരം വിവാഹിതരായിക്കൂട, ഒന്നിച്ചാഹാരം കഴിച്ചുകൂട, എന്നിങ്ങനെ. തന്നെയുമല്ല, മറ്റേ കൂട്ടരെ നശിപ്പിക്കണം എന്നുവരെ തെറ്റിദ്ധിരിച്ചുപോയി. പരസ്‌പരം കൊന്ന്‌ ഭീകരരായിപ്പോയി. ഒരു വര്‍ഗ്ഗമാണെന്ന സത്യത്തില്‍ നിന്ന്‌ പരസ്‌പരം നശിപ്പിക്കേണ്ടവരാണെന്ന വികാരത്തില്‍ ദയനീയമായി കുരുങ്ങിപ്പോയി. ഭൂമി സ്വദേശമാണെന്ന ബോധം നഷ്ടപ്പെട്ട്‌ നാം അബോധാവസ്ഥയിലായിപ്പോയി. ബന്ധുവിനെ ശത്രുവായി കരുതിപ്പോയി. പരസ്‌പരം ആധിപത്യം സ്ഥാപിക്കുവാനുള്ള ആത്മഹത്യാപരമായ പ്രവണത വീടു വരെ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു. മാനസികമായി നാം നിരന്തരം സങ്കോചിച്ചു കൊണ്ടിരിക്കുകയാണ്‌. എത്ര വിശാലമായ ആശയത്തേയും നാം നമ്മുടേ സങ്കോച മണ്ഡലത്തിലേക്ക്‌ ചുരുക്കികളയും വിശ്വമഹാപുരുഷന്‍മാരെ സങ്കുചിത ദേശീയതലങ്ങളില്‍ തടവുകാരനാക്കാന്‍ നമുക്ക്‌ കഴിയും. വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ തുടങ്ങുന്നവരെ രക്ഷിക്കാന്‍ ചെല്ലുന്നവരേക്കൂടി പിടിച്ചു താഴ്‌ത്താന്‍ കഴിയുന്ന തരത്തിലുള്ള ചുഴികളായി ലോകം ആകെ പരിണമിച്ചിരിക്കുന്നു. ഈ കോടിക്കണക്കിനു ചുഴികളെ, പരസ്‌പരം ബന്ധിപ്പിച്ച്‌, പ്രവാഹമാക്കി തീര്‍ക്കുകയാണ്‌ അടിസ്ഥാന സാമൂഹ്യ പ്രവര്‍ത്തനം. അതിനു ശ്രമിക്കാതെ എത്ര നല്ല കാര്യം ചെയ്‌താലും എല്ലാം ഓടയില്‍ വീഴുന്ന പൂക്കളെപ്പോലെ അഴുക്ക്‌ വര്‍ദ്ധിപ്പിക്കുകയേയുള്ളു. മനുഷ്യരാശിയെ കര കയറ്റാന്‍ വേണ്ടി ശ്രമിച്ചവരേയും അവരുടെ വാക്കുകളേയും നാം നമ്മുടെ ചെളിവെള്ള ചുഴികളില്‍ ഏറ്റുവാങ്ങി ആദരപൂര്‍വ്വം വികൃതമാക്കിക്കൊണ്ടിരിക്കുകയാണ്‌. ഓരോ വ്യക്തിയും ഓരോ ചുഴിയായി കറങ്ങി പാരസ്‌പര്യബോധത്തെ തീരെ പരിഗണിക്കാതെ, ശത്രുതാ ബോധം വളര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍, വ്യക്തിക്കു കിട്ടുന്ന ആരോഗ്യവും സമ്പത്തും അറിവും വിശ്വാസവും എല്ലാം അവന്‍ അപരനെ തോല്‍പിക്കുന്നതിനുള്ള ആയുധമാക്കി മാറ്റും. ഈ സാഹചര്യത്തില്‍ ആദ്യം ശ്രദ്ധിക്കേണ്ടത്‌ സമൃദ്ധി എങ്ങനെ കൈവരിക്കാമെന്നല്ല; ബന്ധുത്വം എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതാണ്‌.ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്‌ - ഇന്നത്തെ വിഭക്ത, സ്വകാര്യമാത്രനിഷ്‌ഠ, വിദ്വേഷ നിലനിര്‍ത്തികൊണ്ട്‌ ഭൂമിയില്‍ സന്തുഷ്ട ജീവിതം സാദ്ധ്യമാവില്ലെന്നാണ്‌. ഭരണകൂടങ്ങള്‍ ജനതയെ വിഭജിക്കുന്നതുകൊണ്ട്‌ അത്‌ നമുക്ക്‌ വേണ്ടതല്ലെന്ന്‌ നാം അറിയണം. അന്യോന്യ ജീവിതത്തിന്‌ വഴി തെളിക്കാതെ, കൂടെയുള്ളവരെ തോല്‍പിച്ച്‌ വിജയിക്കുന്നതിന്‌ പ്രേരണ നല്‍കുന്ന ഈ വിദ്യാഭ്യാസം മനുഷ്യന്‌ കൊള്ളില്ല. ഒരു ഡിഗ്രിയും സര്‍ട്ടിഫിക്കറ്റും പരീക്ഷയും നമുക്ക്‌ ജീവിക്കുവാന്‍ ആവശ്യമുള്ളതേയല്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ കൊടുക്കുകയും വാങ്ങുകയും പരസ്‌പരം അദ്ധ്വാനിക്കുകയും ചെയ്‌ത്‌ സന്തോഷമായി ജീവിക്കുന്നതിനിടയില്‍ നാണയത്തിന്‌ എന്താണ്‌ കാര്യം? നാളയം പ്രകൃത്യാനുസരണമേ അല്ല. തികച്ചും അപകടകാരിയുമാണ്‌. കുടുംബബന്ധങ്ങളെ അത്‌ അനാവശ്യമാക്കി തീര്‍ക്കുകയും പൊട്ടിക്കുകയും ചെയ്യുന്നു. എന്റെ കഴിവ്‌ എന്റെ കുടുംബത്തിന്‍ വേണ്ടി ചെലവഴിക്കണമെങ്കില്‍ എനിക്കതിന്‌ പ്രതിഫലം കി്‌ട്ടണം എന്നു വരുന്നത്‌ എത്ര കഷ്ടമാണ്‌. എല്ലാവര്യം അന്യോന്യം സഹകരിച്ച്‌ ജീവിക്കുമ്പോള്‍ എന്റെ കാര്യം നോക്കാന്‍ മറ്റുള്ളവരും അവരുടെ കാര്യത്തിന്‌ ഞാനും ഉണ്ടാവുകയല്ലെ സ്വാഭാവികം ? അതല്ലെ ആനന്ദം. നാണയത്തിന്റെ പിന്നാലെയുള്ള ഓട്ട പന്തയത്തിലാണ്‌ നമ്മളും നമ്മുടെ സകല പ്രസ്ഥാനങ്ങളും, നമ്മുടെ വിദ്യാലയങ്ങളും ആരാധനാലയങ്ങളും ആരോഗ്യസ്ഥാപനങ്ങളും കൃഷിയിടങ്‌്‌ങളും ഗവണ്‍മെന്റുകളും എല്ലാം നാണയം ആര്‍്‌ജ്ജിക്കാന്‍വേണ്ടി ഓടിക്കിതച്ച്‌ മരിക്കുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ ലോകത്താകമാനം കാണുന്നത്‌. കിട്ടിയാലും കിട്ടാതെ വന്നാലും ദുഖം ഉല്‍പാദിപ്പിക്കുന്ന ഇത്തരം ഒരു വസ്‌തുവിന്റെ പിന്നാലെ നാമെല്ലാം ഓടേണ്ടിവരത്തക്ക ബുദ്ധിശൂന്യത നമുക്ക്‌ എങ്ങിനെ സംഭവിച്ചു? പരസ്‌പരം കൈകോര്‍ക്കാതെ ഓരോരുത്തരും അവനവനിലേക്ക്‌ ചുരുണ്ടുകൂടി ഉണ്ടാക്കിയ വിടവുകളില്‍ വളര്‍ന്നു പെരുകിയ മുള്‍മരങ്ങളില്‍ വെട്ടിമാറ്റാന്‍ വെട്ടിമാറ്റാന്‍ പ്രയാസമുള്ള രണ്ട്‌ ചേര്‍മരങ്ങളാണ്‌ ഭരണകൂടവും നാണയവും. ഇവ രണ്ടും വളര്‍ന്നു മുറ്റി നമ്മുടെ ഇടയില്‍ അകലം നിരന്തരം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ മഹാത്മാക്കളുടെ ജീവിതവും വചനങ്ങളും ഇവയില്‍ കുരുങ്ങും. നമ്മള്‍ അന്യോന്യം കൈകോര്‍ത്ത്‌ അടുത്തടുത്ത്‌ നിന്ന്‌ വിടവുകള്‍ അടക്കാന്‍ തുടങ്ങിയാല്‍ ഇവക്ക്‌ വണ്ണം വെക്കാനാവുകയില്ല. തന്നെയുമല്ല വളവും വെള്ളവും കിട്ടാതെ സാവധാനം ഉണങ്ങി വീണുകൊള്ളും. വെട്ടി മാറ്റുകയേ വേണ്ടി വരില്ല.ഒന്നുകൂടി വ്യക്തമാക്കട്ടെ, അധികാരവും പണവും കൈക്കലാക്കി സ്വകാര്യത നിലനിര്‍ത്തുവാനാണ്‌ ഓരോരുത്തരും ഇന്നാഗ്രഹിക്കുന്നത്‌. അധികാരവും ധനവും കൈവന്നാല്‍ എല്ലാം കൈവന്നു എന്നൊരു വ്യാമോഹം ലോകമാകെ പരന്നുപോയി. ഓരോരുത്തരും ഇവ രണ്ടും കൈക്കലാക്കാന്‍ അരയും തലയും മുറുക്കി, ആയുധങ്ങളേന്തി നില്‍ക്കുകയാണ്‌. വിശ്വാസികള്‍ ഈശ്വരന്റെ പേരില്‍ പോരടിക്കുന്നത്‌ ഇവ രണ്ടും കൈക്കലാക്കാനാണ്‌. ഈ ഭരണകൂടങ്ങളും നാണയ വ്യവസ്ഥയും നിലനില്‍ക്കുന്നിടത്തോളം കാലം ജനങ്ങള്‍ അവ കൈക്കലാക്കാന്‍ വേണ്ടി ജീവിതം തുലക്കും.എന്താണ്‌ പോംവഴി ? വളരെ ലളിതവും സ്വാഭാവികവും സത്യസന്ധവുമാണ്‌ "ദര്‍ശനം" കാണുന്ന പോംവഴി. നാം പരസ്‌പരം ഉണ്ട്‌ എന്നുറപ്പാക്കുക. നിത്യേന കാണുന്നവരുമായി ഉള്ളു തുറന്ന്‌ അടുത്തു പെരുമാറുക. അകലാതിരിക്കുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുക. മനുഷ്യന്‍ അന്യോന്യം നല്ല വ്യക്തി ബന്ധത്തില്‍ വന്ന്‌ ചെറു വൃത്തങ്ങളായി കൂടി ആലോചിച്ച്‌ ജീവിക്കുവാന്‍ തുടങ്ങിയാല്‍ ലോകം സ്വസ്ഥമാവും. പ്രശ്‌നങ്ങള്‍ അന്നും ഉണ്ടാവും. അതതു സമൂഹങ്ങളില്‍ അവ പരിഹരിക്കപ്പട്ടുകൊള്ളും. പ്രാദേശികാടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഓരോ ചെറു സമൂഹവും പരസ്‌പരം ബന്ധപ്പെട്ട്‌ വിശ്വസമൂഹമായിക്കൊള്ളും.

............................................................................................................


............................................................................................................



............................................................................................................


കടപ്പാടോടെSymphony of Valuse ന്‌ വേണ്ടി ടി. സുരേഷ്‌കുമാര്‍

നിര്‍മ്മിച്ച്‌ ജയിന്‍ ജോസഫ്‌ സംവിധാനം ചെയ്‌ത ഭാവിയിലേക്ക്‌

എന്ന ഡോക്യുമെന്ററി ചിത്രത്തില്‍ നിന്നും.
............................................................................................................